Sun. Dec 29th, 2024

 

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

സിബിഐ എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്നും ഈ നിലപാടില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി പറയുന്നപോലെ സിബിഐ കൂട്ടിലടച്ച തത്തയാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ എന്താണ് പറയുന്നത്, അത് ചെയ്യുന്നതാണ് സിബിഐയെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സിപിഎം നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ ആറാം തീയതി കേസ് ഡയറി ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനുശേഷം ഹര്‍ജിയില്‍ ഡിസംബര്‍ ഒന്‍പതാം തീയതി കോടതി വിശദമായ വാദം കേള്‍ക്കും.