ടെല്‍ അവീവ്: ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കിയ കാര്യം നെതന്യാഹു പ്രഖ്യാപിച്ചത്.
പ്രാദേശിക സമയം പുലര്‍ച്ചെ നാല് മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായി. ആദ്യ ഘട്ടത്തില്‍ 60 ദിവസം ഇസ്രായേല്‍ സേന ലബനാനില്‍ നിന്ന് പിന്മാറും. ഹിസ്ബുള്ള ലിതാനി നദിയുടെ വടക്കുഭാഗത്തേക്ക് പിന്‍മാറണം. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും. കരാര്‍ ലംഘിച്ചാല്‍ ഇസ്രായേലിന് തിരിച്ചടിക്കാം.
അതേസമയം, ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. ലബനാന്‍ പാര്‍ലമെന്റ് ഇന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, യുദ്ധത്തിന്റെ മേഖല മാറ്റുകയാണെന്നും ഇറാന്റെ ഭീഷണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രായേലിന് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇസ്രായേല്‍ പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ ലബനാനിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 3,700 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അധ്യക്ഷന്‍ ഹസന്‍ നസ്‌റുള്ള അടക്കം ഹിസ്ബുള്ള നേതാക്കളിലേറെയും വധിക്കപ്പെട്ടു. അതേസമയം, ഹിസ്ബുള്ളയുമായി യുദ്ധത്തിന്റെ പൂര്‍ണ അന്ത്യമല്ല ഇതെന്നും ഇസ്രായേല്‍ പറയുന്നു.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ലബനാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിന്നും ഇസ്രായേല്‍ വന്‍തോതില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു. 60,000 പേരെ ഇത്തരത്തില്‍ ഒഴിപ്പിച്ചുവെന്നാണ് കണക്കുകള്‍.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറില്‍ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. ലബനാന്റെ തെക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് വ്യാപക ആക്രമണം. കിഴക്കന്‍ ലബനാന്‍ ഗവര്‍ണറേറ്റായ ബഅലബക്-ഹെര്‍മെലില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
കിഴക്കന്‍ ലബനാനില്‍ ഇതുള്‍പ്പെടെ മൊത്തം 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരിക് ഗ്രാമത്തില്‍ മൂന്നുപേരും ഐന്‍ ബാലില്‍ രണ്ടും ഗാസിയേഹില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. ടയറില്‍ നടന്ന വ്യോമാക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ലബനാന്‍- സിറിയ അതിര്‍ത്തിയിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.