Sat. Dec 14th, 2024

 

ചെന്നൈ: നയന്‍താരയുടെ ജീവിതകഥ പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് നയന്‍താരയ്ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍. സിനിമയുടെ നിര്‍മാതാവാണ് ധനുഷ്.

ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്‍, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേ ധനുഷും കെ രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നേരത്തേ ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരേ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യംചെയ്ത് നയന്‍താര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതോടെ സംഭവം വലിയ വിവാദമായി.

2014ല്‍ നയന്‍താരയെ നായികയാക്കി ധനുഷ് നിര്‍മിച്ച ചിത്രമാണ് ‘നാനും റൗഡി താന്‍’. നയന്‍താരയുടെ ജീവിതപങ്കാളി വിഘ്നേഷ് ശിവന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. താനും വിഘ്നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റില്‍വച്ചാണെന്ന് നയന്‍താര പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.