Fri. Dec 27th, 2024

 

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസിലെ അപ്പീല്‍ തള്ളി സുപ്രീംകോടതി. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. എന്ത് തരം കേസാണ് ഇതെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

ഹൈകോടതി വിധിയില്‍ ഇടപടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമര്‍ശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ ഇതുവരെ വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

മൊഴി നല്‍കിയവരില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടോ എന്നും പണം വാങ്ങിയോ എന്നും മൊഴി നല്‍കിയിട്ടുണ്ടോ എന്നും സുപ്രീംകോടതി ആരാഞ്ഞു. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിചാരണാ കോടതിയാണ് ഷാജി കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ ഏതൊരു രാഷ്ട്രീയക്കാരന് എതിരെയും ബാലിശമായ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 2014ല്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഷാജിക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

2020ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്‌ഐആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയത്. എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആണെന്നും ഇതില്‍ പറയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും 47 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍, മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.