ഇസ്‌ലാമാബാദ്: തടവിലാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ അനുയായികള്‍ ഇസ്‌ലാമാബാദില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ആറുപേര്‍ കൊല്ലപ്പെട്ടു.
നാല് അര്‍ധസൈനികരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. 100 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് തിരിച്ച് കവണ ഉപയോഗിച്ച് കല്ലേറുണ്ടായി.
പിടിഐയുടെ അനുയായികള്‍ ഇസ്‌ലാമാബാദിലെ ഡി ചൗക്കിലേക്കുള്ള വഴിയിലെ തടസ്സങ്ങള്‍ നീക്കി മുന്നോട്ട് നീങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ പാകിസ്താന്‍ സൈന്യത്തെ ഇറക്കി.
അക്രമികളെ നേരിടാന്‍ പാകിസ്താന്‍ സൈന്യത്തെ വിളിച്ചിട്ടുണ്ടെന്നും കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി റേഡിയോ പറഞ്ഞതായി റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.
റേഞ്ചര്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ കണ്ടെത്തി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പാക്കാന്‍ പ്രസ്താവനയില്‍ നിര്‍ദേശിച്ചു.
തിങ്കളാഴ്ച രാത്രി ഇസ്‌ലാമാബാദിലെ ശ്രീനഗര്‍ ഹൈവേയില്‍ പാകിസ്താന്‍ റേഞ്ചേഴ്സ് ഉദ്യോഗസ്ഥരിലേക്ക് വാഹനം ഇടിച്ചുകേറി നാല് റേഞ്ചേഴ്സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റേഡിയോ പാകിസ്താന്‍ പറഞ്ഞു. മറ്റ് അഞ്ച് റേഞ്ചേഴ്സ് ഉദ്യോഗസ്ഥര്‍ക്കും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഈ സ്ഥലത്ത് നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ റാവല്‍പിണ്ടിയിലെ ചുങ്കി നമ്പര്‍ 26 ല്‍ ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജീകരിച്ച ഒരു കൂട്ടം അക്രമികള്‍ റേഞ്ചേഴ്സ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരമെങ്കിലും വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.