Sat. Dec 14th, 2024

 

ചെന്നൈ: ബിഗ് ബോസ് തമിഴ് മത്സരാര്‍ഥിയും ഗായികയുമായ ഇസൈവാണിക്കെതിരേയും സംവിധായകന്‍ പാ രഞ്ജിത്തിനെതിരേയും സൈബര്‍ ആക്രമണം. 2018ല്‍ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൈബര്‍ ആക്രമണം. സംഭവത്തില്‍, ചെന്നൈ കമ്മീഷണര്‍ക്ക് മുമ്പാകെ ഇസൈവാണി പരാതി നല്‍കി.

ഗായിക അടുത്തിടെ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനം ചൂണ്ടിക്കാട്ടി ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇവര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ കുപ്രചരണം ആരംഭിച്ചത്. ഗായിക ക്രിസ്ത്യാനിയാണെന്നും ഹിന്ദു ദൈവത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഈ ഗാനമെന്നും ഇവര്‍ ആരോപിക്കുന്നു.

ഗാനത്തെക്കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന സംഘങ്ങളുടെ ഇപ്പോഴത്തെ ആവശ്യം ഗായികയ്ക്കും പാ രഞ്ജിത്തിനുമെതിരേ കേസെടുക്കണമെന്നാണ്. ഗായികയുടെ ഫോണ്‍ നമ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ ഭീഷണി സന്ദേശങ്ങളും കോളുകളും ഇസൈവാണിക്കെത്തി. അശ്ലീലമായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചിലര്‍ അയക്കുന്നതായും പരാതിയുണ്ട്.

പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സംഗീത ബാന്‍ഡായ ദ കാസ്റ്റ്‌ലെസ് കളക്ടീവാണ് ഗാനം ചിട്ടപ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന വരികള്‍ ഗാനത്തിലുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള ക്ഷേത്രപ്രവേശനങ്ങളേയും ഗാനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.