Sat. Dec 28th, 2024

 

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേടെന്ന് ആരോപണം. വിവരങ്ങളുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ അന്തരം കണ്ടെത്തിയത്. ‘ദ വയര്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാല്‍, എണ്ണിയ ആകെ വോട്ടുകള്‍ 64,592,508 ആണ്. മൊത്തം വോട്ടിനെക്കാള്‍ 5,04,313 വോട്ടുകള്‍ അധികമാണിത്. ഫലത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു.

അതേസമയം, എട്ട് മണ്ഡലങ്ങളില്‍ എണ്ണപ്പെട്ട വോട്ടുകള്‍ പോളിങ് കണക്കുകളെക്കാള്‍ കുറവാണ്. ശേഷിച്ച 280 മണ്ഡലങ്ങളില്‍ വോട്ടുകള്‍ പോളിങ്ങിനെക്കാള്‍ കൂടുതലായിരുന്നു. പോളിങ്ങിനെക്കാള്‍ 4538 വോട്ടുകള്‍ അധികമായ അഷ്ഠി മണ്ഡലത്തിലാണ് ഏറ്റവും വലിയ അന്തരമുള്ളത്. ഒസ്മാനാബാദ് മണ്ഡലത്തില്‍ 4155 വോട്ടുകളുടെ വ്യത്യാസമുണ്ട്.

2024 മേയില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതേ തരത്തിലുള്ള പൊരുത്തക്കേടുകള്‍ സംസ്ഥാനത്ത് കണ്ടെത്തിയിരുന്നു. വോട്ടര്‍മാരുടെ പോളിങ് ഡാറ്റയും ഓരോ പോളിങ് സ്റ്റേഷനിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘ഫോം 17 സി’യും സംബന്ധിച്ച് അന്ന് തന്നെ സംശയങ്ങളുയര്‍ന്നിരുന്നു.

ഈ സമയം രാഷ്ട്രീയ കക്ഷിരഹിത ലാഭേച്ഛയില്ലാതെ തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റീഫോര്‍മ്സ് ഓരോ പോളിങ് ഘട്ടത്തിലും 48 മണിക്കൂറിനുള്ളില്‍ പോളിങ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള വോട്ടര്‍ കണക്കുകള്‍ പുറത്തുവിടാന്‍ സുപ്രിംകോടതിയില്‍ അപേക്ഷിച്ചിരുന്നു. തുടക്കം മുതല്‍ അവസാനഘട്ടം വരെയുള്ള പോളിങ് കണക്കുകള്‍ തമ്മിലെ പൊരുത്തക്കേട് അഞ്ച് മുതല്‍ ആറ് ശതമാനം വരെയാണെന്ന് അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

എന്നാല്‍, പ്രായോഗിക വെല്ലുവിളികളും ലോജിസ്റ്റിക്ക് പ്രശ്‌നങ്ങളും ഡാറ്റ ദുരുപയോഗം ചെയ്യുമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ച് സുപ്രിംകോടതി ഈ അപേക്ഷ നിരസിക്കുകയായിരുന്നു. വോട്ടിങ് കണക്കുകള്‍ ശേഖരിക്കുന്ന ഫോം 17 സി വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് പൊതുവിതരണത്തിനുള്ളതല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചിരുന്നു.

ഗോത്രസംവരണ മണ്ഡലമായ നവാപൂരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയ പോളിങ് 81.15 ശതമാനമാണ്. മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,95,786 ആണ്. പോളിങ് ശതമാന കണക്കുകള്‍ പ്രകാരം ഇതില്‍ 81.15 ശതമാനം 2,40,022 ആണ് വോട്ടുകളായിട്ടാണ് കണക്ക് വരുന്നതെന്നിരിക്കെ മണ്ഡലത്തില്‍ എണ്ണിയത് 2,41,191 വോട്ടുകളാണ്. വോട്ടര്‍മാരെക്കാള്‍ 1,171 വോട്ടുകളാണ് ഇവിടെ കൂടുതലുള്ളത്. മണ്ഡലത്തിലെ ഭൂരിപക്ഷം 1,122 ആണ്. ഈ കണക്ക് സംശയം ജനിപ്പിക്കുന്നതാണ്.

ഇതുതന്നെയാണ് മാവല്‍ മണ്ഡലത്തിലെ അവസ്ഥയും. എന്നാല്‍ ഇവിടെ വോട്ട് ചെയ്തതിനേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 3,86,172 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവിടത്തെ വോട്ടിങ് ശതമാനം 72.59 ആണ്. അങ്ങനെയെങ്കില്‍ വോട്ട് ചെയ്തിട്ടുള്ളവര്‍ 2,80,319 പേരാണ്. എന്നാല്‍ ഇവിടെ എണ്ണിയ വോട്ടുകളുടെ എണ്ണം 2,79,081 ആണ്. പോളിനെക്കാളും 1,238 കുറവ്.

പല പൊരുത്തക്കേടുകള്‍ക്കും ഉദ്യോഗസ്ഥരുടെ പിശകുകളെയോ ഇവിഎമ്മിന്റെ പിഴവിനെയോ ഡാറ്റ എന്‍ട്രി പിഴവിനെയോ സാങ്കേതിക തകരാറുകളെയോ കാരണങ്ങളാക്കാവുന്നതാണ്. എന്നാല്‍, ഈ പിഴവുകള്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യതയേയും ഓഡിറ്റിങ്ങിന്റെ പ്രാധാന്യത്തെയും എടുത്തുകാണിക്കുന്നു.