Mon. Nov 25th, 2024

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലിലെ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് നിയുക്ത എംപിയും ഐസിസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. സംഘര്‍ഷത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രയങ്കയുടെ പ്രതികരണം. ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ രണ്ട് പക്ഷത്തിനും പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ തന്നെയാണ് സംഭാലിലെ അന്തരീക്ഷം കലുഷിതമാക്കിയതെന്നും പ്രിയങ്ക പറഞ്ഞു. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുക്കാതെ ഭരണകൂടം തിടുക്കപ്പെട്ട് സ്വീകരിച്ച നടപടികളുടെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

സര്‍വേ നടപടിക്രമങ്ങള്‍ക്കും പരിശോധനകള്‍ക്കും സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ട് നീതി നടപ്പാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

‘അധികാരത്തിലിരുന്ന് വിവേചനവും അടിച്ചമര്‍ത്തലും ഭിന്നിപ്പും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ താത്പര്യമോ രാജ്യതാത്പര്യമോ അല്ല,’ പ്രിയങ്ക എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തില്‍ ആണെങ്കിലും സമാധാനം നിലനിര്‍ത്തണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.

നേരത്തെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗി സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. സംഘപരിവാറിന് ഇനിയെത്ര പേരുടെ രക്തം വേണമെന്ന് ഒവൈസിയും ബിജെപിയുടെ ആസൂത്രിത പദ്ധതിയാണ് സംഭാലിലെ സംഘര്‍ഷമെന്ന് അഖിലേഷും പ്രതികരിച്ചു.