Thu. Dec 26th, 2024

 

ഉത്തര്‍പ്രദേശ്: സംഭാല്‍ മസ്ജിദ് സംഘര്‍ഷത്തില്‍ ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കസ്റ്റഡിയില്‍. സംഘര്‍ഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പൊലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് നടപടിക്കെതിരെ സംഭാലില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇതിനിടെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാന്‍ നടത്തിയ സര്‍വ്വേയാണ് കല്ലേറിലും സംഘര്‍ഷത്തിലും കലാശിച്ചത്.

നഈം, ബിലാല്‍, നുഅ്മാന്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇന്ന് മരിച്ചവരുടെ പേര് പുറത്തുവന്നിട്ടില്ല. കല്ലേറില്‍ 30 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ സംഭാല്‍ എംപി സിയാവുര്‍ റഹ്‌മാനെതിരെ പൊലീസ് കേസെടുത്തു. സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്.

പൊലീസ് വെടിവെപ്പിലാണ് യുവാക്കള്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സമരക്കാര്‍ക്കിടയില്‍നിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറയുന്നു. അതേസമയം, തോക്കുധാരികളായ പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുചൂണ്ടുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഏഴ് മണി മുതലാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സര്‍വേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മില്‍ പല തവണ ഏറ്റുമുട്ടലുണ്ടായി. സമരക്കാരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തിയെന്നാണ് പൊലീസ് പറയുന്നത്.