Thu. Dec 26th, 2024

 

ടെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നല്‍കി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. ആയത്തുള്ള അലി ഖൊമേനിയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രായേലിന് ഉചിതമായ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് സൈന്യത്തിലും സര്‍ക്കാരിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്നും അദ്ദേഹം അറിയിച്ചു.

ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്നീമിന് നല്‍കിയ അഭിമുഖത്തിലാണ് അലി ലാരിജാനി പ്രത്യാക്രമണ നീക്കത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇസ്രായേലിനെതിരായ പ്രതിരോധം പുനസ്ഥാപിക്കലാണ് പ്രധാനപ്പെട്ട വിഷയമെന്ന് അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇസ്രായേലിനുള്ള തിരിച്ചടിയില്‍ ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനാകണം. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്നും ലാരിജാനി വെളിപ്പെടുത്തി.

ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിലേക്ക് എത്താനുള്ള വ്യത്യസ്തമായ വഴികളെ കുറിച്ചുള്ള ആലോചനയിലാണ് അവര്‍. ഇറാന്റെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മതയും രഹസ്യാത്മകതയും ആവശ്യമാണെന്നും അലി ലാരിജാനി പറഞ്ഞു.

അടുത്തിടെ ലാരിജാനി ലബനാനിലും സിറിയയിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അലി ഖൊമേനിയുടെ സന്ദേശങ്ങള്‍ കൈമാറാന്‍ പോയതായിരുന്നുവെന്നായിരുന്നു പ്രതികരണം. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ കാര്യങ്ങളാണ് സന്ദേശത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയുമായുള്ള ചര്‍ച്ചകളുടെ സാധ്യതയെ കുറിച്ചും ലാരിജാനി പ്രതികരിച്ചു. മരിച്ച മുന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ കാലത്തു തന്നെ യുഎസുമായി ചര്‍ച്ചകള്‍ നടന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചാകും ഭാവിയില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുക.

മുന്‍പ് ഇറാഖില്‍ യുഎസുമായി ചര്‍ച്ച നടത്താന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അവിടത്തെ താല്‍പര്യത്തിന് അനുസരിച്ചാകും ചര്‍ച്ചകളെന്നായിരുന്നു അന്ന് നല്‍കിയ മറുപടി. ഇറാനിലെ സ്ഥിതിഗതികള്‍ ശാന്തമാകണമെന്നായിരുന്നു ഇറാന്റെ താല്‍പര്യം. അതുകൊണ്ടാണ് അന്ന് അമേരിക്കയുമായി ചര്‍ച്ച നടത്തിയതെന്നും അലി ലാരിജാനി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബര്‍ 26നായിരുന്നു ഇറാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണിതെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്. നൂറിലേറെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ കടന്നുകയറിയാണ് വ്യോമാക്രമണം നടത്തിയത്.

2,000 കിമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലും കറാജിലും ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, പ്രതീക്ഷിക്കപ്പെട്ടതില്‍നിന്ന് വ്യത്യസ്തമായി സൈനിക താവളങ്ങളെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്.

ഇറാന്റെ ആണവ-ഊര്‍ജ താവളങ്ങളില്‍ ആക്രമണമുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. ഇറാനു വലിയ നഷ്ടങ്ങളുണ്ടായെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്. എന്നാല്‍, ആക്രമണത്തിന്റെ യഥാര്‍ഥ ചിത്രവും ആളപായ-നാശനഷ്ട വിവരങ്ങളും ഇനിയും വ്യക്തമല്ല.