Thu. Dec 26th, 2024

 

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ബാബുരാജ് അന്വേഷണത്തോട് കൃത്യമായി സഹകരിക്കണമെന്നും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസം പരിഗണിച്ചാണ് നടപടിയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് രംഗത്ത് വന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവെന്നും ഇവിടെ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് ആരോപണം.

‘മലയാളത്തില്‍ എല്ലാ നടന്‍മാരോടും നല്ല ബന്ധമുള്ള ബാബുരാജ് വിചാരിച്ചാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ആലുവയിലെ വീട്ടിലെത്തിയാല്‍ തിരക്കഥാകൃത്ത് അടക്കമുള്ളവരുമായി സംസാരിച്ച് മെച്ചപ്പെട്ട റോള്‍ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. താന്‍ എത്തുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. തന്നോട് ഒരു മുറിയില്‍ വിശ്രമിക്കാന്‍ പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് വന്ന് വാതില്‍ ലോക്ക് ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന്’ യുവതി പറഞ്ഞു.

ബാബുരാജ് മോശമായി സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പെണ്‍കുട്ടികള്‍ക്കും ഇയാളില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. പലരും കുടുംബജീവിതം നയിക്കുന്നവരായതിനാല്‍ പരസ്യമായി പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു.