Wed. Nov 27th, 2024

 

തൃശൂര്‍: ചേലക്കര നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന് വിജയം. കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാന്‍ ചേലക്കര ജയം ഇടതിന് സഹായകമാകും.

12,122 വോട്ടിനാണ് യുആര്‍ പ്രദീപ് വിജയിച്ചത്. 64,259 വോട്ടാണ് പ്രദീപിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് 52,137 വോട്ടുകള്‍ ലഭിച്ചു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച് ജയിച്ചപ്പോള്‍ മണ്ഡലത്തിലുള്‍പ്പെടുന്ന ചേലക്കരയിലെ ഇടത് കോട്ടകളെയും രമ്യ ഹരിദാസ് ഞെട്ടിച്ചിരുന്നു. എന്നാല്‍, ഇത്തവണ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി. എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ 33,354 വോട്ട് നേടാനായി.

2016ലെ തന്റെ തന്നെ ഭൂരിപക്ഷം മറികടന്നുള്ള വിജയമാണ് യുആര്‍ പ്രദീപ് നേടിയത്. 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെഎ തുളസിയെ അന്ന് പരാജയപ്പെടുത്തിയത്. ചേലക്കരയില്‍ 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് രാധാകൃഷ്ണന്‍ 81,885 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി സിസി ശ്രീകുമാര്‍ 43,150 വോട്ട് മാത്രമാണ് നേടിയത്. എന്‍ഡിഎയുടെ ഷാജുമോന്‍ വറ്റെക്കാട് 23,716 വോട്ടും നേടി.

സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ)യുടെ സ്ഥാനാര്‍ഥി എന്‍കെ സുധീറിന് 3909 വോട്ടുകള്‍ മാത്രമാണ് പിടിക്കാനായത്. തിരഞ്ഞെടുപ്പില്‍ ശക്തിപ്രകടനം നടത്താമെന്ന അന്‍വറിന്റ കണക്കുകൂട്ടലിനാണ് തിരിച്ചടിയേറ്റത്. ‘

തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. 1996 മുതല്‍ തുടര്‍ച്ചയായ ഏഴ് തിരഞ്ഞെടുപ്പുകളില്‍ ചേലക്കരയില്‍ ഇടതുപക്ഷം പരാജയമറിഞ്ഞിട്ടില്ല. 1996 മുതല്‍ 2016 വരെയും കെ രാധാകൃഷ്ണനായിരുന്നു ചേലക്കരയുടെ നായകന്‍.

നിയമസഭാ സാമാജികനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് യുആര്‍ പ്രദീപ്. ദേശമഗലം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായിരുന്നു.