തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച
ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി സജി ചെറിയാന്‍. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചെന്നും താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
”ധാര്‍മികപരമായ ഒരു പ്രശ്‌നവുമില്ല. പൊലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതി ആ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്.
കോടതി അന്വേഷിക്കാന്‍ പറഞ്ഞിട്ടുള്ള ഭാഗമേതാണോ അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കട്ടേ. മുമ്പ് ധാര്‍മികതയുടെ പേരില്‍ രാജിവെച്ചു. ആ ധാര്‍മികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു. അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയായായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്”, സജി ചെറിയാന്‍ പറഞ്ഞു.
”നിലവിലെ കേസില്‍ താന്‍ കക്ഷിയല്ല. തന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതായിരുന്നു. പ്രസംഗത്തെ പറ്റിയല്ല നിലവിലെ ഉത്തരവ്. പൊലീസ് അന്വേഷണത്തെ പറ്റിയാണ്. ഇപ്പോഴത്തേത് അന്തിമ വിധിയൊന്നുമല്ലല്ലോ”, സജി ചെറിയാന്‍ ചോദിച്ചു.
ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രസംഗിച്ചെന്ന കേസില്‍ പുനരന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സംസ്ഥാന ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.