ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന കാനഡ മാധ്യമ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്കെതിരേയുള്ള അപകീര്‍ത്ത ിപ്രചാരണമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. കാനഡയിലെ ഗ്ലോബ് ആന്‍ഡ് മെയില്‍ ദിനപ്പത്രമാണ് പേര് വെളിപ്പെടുത്താത്ത കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രധാനമന്ത്രിയ്ക്ക് ഈ വിഷയത്തെ കുറിച്ച് അറിയാമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ മന്തിയും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. മനപ്പൂര്‍വ്വമായി ഇത്തരത്തിലുള്ള അസംബന്ധ പ്രസ്താവനകള്‍ ഒരു മാധ്യമത്തിന് നല്‍കിയ ഉദ്യോഗസ്ഥരെ കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കണമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു.
കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണിലാണ് വാന്‍കൂവറില്‍വെച്ച് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങി. ഇന്ത്യയ്ക്കെതിരേ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
ഒക്ടോബറില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയേയും മറ്റുചില നയതന്ത്ര ഉദ്യോഗസ്ഥരേയും നിജ്ജാറിന്റെ വധത്തില്‍ കാനഡ ബന്ധപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായും കാനഡ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കാനഡയില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി.
കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരര്‍ക്കെതിരേയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ മൗലികമായ പിഴവാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് താന്‍ കരുതുന്നതെന്നും അത്തരം നടപടികള്‍ തങ്ങള്‍ക്കൊരിക്കലും സ്വീകാര്യമല്ലെന്നും ട്രൂഡോ പ്രസ്താവിച്ചു.
നിരോധിത ഭീകരവാദി സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ ബുദ്ധികേന്ദ്രമായ നിജ്ജാര്‍ കേന്ദസര്‍ക്കാരിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പ്രധാനിയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ നിജ്ജാറിന്റെ തലയ്ക്ക് ഭീകരവാദവിരുദ്ധ ഏജന്‍സിയായ എന്‍ഐഎ പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.