Sun. Dec 22nd, 2024

 

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസില്‍ ഹൈക്കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിടണമെന്നും നിര്‍ദേശിച്ചു.

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് വിലയിരുത്തിയാണ് കോടതി ഇടപെടല്‍. സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണച്ചപ്പോഴാണ് കോടതി ഉത്തരവ്.

സജി ചെറിയാനെതിരെ നടന്ന അന്വേഷണം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചു. പ്രസംഗത്തിന്റെ സിഡി നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രസംഗത്തിന്റെ പൂര്‍ണരൂപം പെന്‍ഡ്രൈവിലാക്കി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. പ്രസംഗം കേട്ട ആളുകളുടെ മൊഴികളൊന്നും വേണ്ട രീതിയില്‍ രേഖപ്പെടുത്താതെ തിരക്കിട്ട് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു എന്ന് കോടതി വിലയിരുത്തി.

പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രസംഗത്തിന്റെ ശബ്ദ സാംപിള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പൊലീസിന്റെ ഈ നടപടി തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം തെറ്റാണ്. മാധ്യമപ്രവര്‍ത്തകരുടെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയും ജസ്റ്റിസ് ബച്ചു കുര്യന്റെ സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ പ്രസംഗിച്ചതാണ് വിവാദമായത്. സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രസംഗം കേള്‍ക്കാന്‍ ഹര്‍ജിക്കാരന്‍ ഉണ്ടായിരുന്നില്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നായിരുന്നു മറുപടി. മന്ത്രിയുടെ രണ്ടര മണിക്കൂര്‍ പ്രസംഗത്തില്‍ സാന്ദര്‍ഭികമായി പറഞ്ഞ കാര്യങ്ങള്‍ മാത്രമാണിതെന്നാണ് സര്‍ക്കാറിന്റെ വാദം. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വര്‍ഗത്തെ ചൂഷണം ചെയ്യുന്നുവെന്ന് വിമര്‍ശിച്ചതല്ലാതെ, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.