ലോസ് ആഞ്ജലിസ്: 2024ലെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയാ പുരസ്‌കാരം സ്വന്തമാക്കി എആര്‍ റഹ്‌മാനും ആടുജീവിതവും. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തല സംഗീത വിഭാഗത്തിലാണ് ആടുജീവിതം നേട്ടം കൈവരിച്ചത്. ലോസ് ആഞ്ജലിസില്‍ നടന്ന ചടങ്ങില്‍ എആര്‍ റഹ്‌മാനുവേണ്ടി സംവിധായകന്‍ ബ്ലെസി പുരസ്‌കാരം ഏറ്റുവാങ്ങി.
ഓസ്‌കറിന് മുന്നോടിയായി വിതരണം ചെയ്യുന്ന പുരസ്‌കാരമായാണ് ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയാ അവാര്‍ഡ് വിശേഷിപ്പിക്കപ്പെടുന്നത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹൈലൈറ്റ് ആയ പെരിയോനേ എന്ന ഗാനത്തിലൂടെയാണ് എആര്‍റഹ്‌മാനെ തേടി അന്തര്‍ദേശീയ സംഗീത പുരസ്‌കാരമെത്തിയത്.
റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. ജിതിന്‍ രാജാണ് ഗാനം ആലപിച്ചത്. ഫീച്ചര്‍ ഫിലിം ഗാനവിഭാഗത്തിലായിരുന്നു പെരിയോനേ മത്സരിച്ചത്. ചാലഞ്ചേഴ്‌സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്‌സ്, ദ ഐഡിയ ഓഫ് യു, ദ സിക്‌സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്‌സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചര്‍ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങള്‍.
ഫിലിം, ടിവി, വീഡിയോ ഗെയിമുകള്‍, ട്രെയിലറുകള്‍, പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍, പ്രത്യേക പരിപാടികള്‍ തുടങ്ങി എല്ലാ ദൃശ്യമാധ്യമങ്ങളിലേയും ഒറിജിനല്‍ സംഗീതത്തെ ആദരിക്കുന്നതിനായി ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അക്കാദമി നല്‍കുന്ന പുരസ്‌കാരമാണിത്.