Sun. Dec 22nd, 2024

 

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കിഴിശ്ശേരിയിലെ വസതിയിലെത്തിയാണ് സന്ദീപ് ജിഫ്രി തങ്ങളെ സന്ദര്‍ശിച്ചത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ദിനം കൂടിയായ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സന്ദീപിന്റെ സന്ദര്‍ശനം.

തങ്ങളുടെ ആരോഗ്യവിവരങ്ങളും മറ്റും അന്വേഷിച്ച സന്ദീപ് കുറച്ചുനേരം അവിടെ ചിലവഴിച്ചു. ഏറെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. കെപിസിസി പ്രസിഡന്റ് കെപി ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു.

മതപരവും ആത്മീയവും സാമുദായിക വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന് നേതൃത്വം നല്‍കുന്ന പണ്ഡിത ശ്രേഷ്ടരാണ് ജിഫ്രി തങ്ങളെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവാണുള്ളതെന്നും കാണാന്‍ സാധിച്ചതിലും അനുഗ്രഹം തേടാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്തയുടെ സംഭാവനകള്‍ കേരള ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തും. കേരളത്തിലെ വിവിധ സമൂഹികവിഭാഗങ്ങളെ നയിക്കുന്ന പ്രകാശഗോപുരങ്ങളാണ് പാണക്കാട് തങ്ങളും ജിഫ്രി തങ്ങളും അടക്കമുള്ള നേതാക്കളെന്നും അവരെ കാണുന്നതില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ സന്ദീപിനെതിരെ സിപിഎം നല്‍കിയ മുഴുപ്പേജ് പരസ്യം വിവാദമായി കത്തുന്നതിനിടെയാണ് സന്ദര്‍ശനം. പരസ്യത്തിന്റെ ഉള്ളടക്കം വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെ, സമസ്ത നേതൃത്വം തള്ളിപ്പറയുകയും ചെയ്തിരുന്നു.

സമസ്ത എപി വിഭാഗത്തിന്റെ ‘സിറാജ്’, സമസ്ത ഇകെ വിഭാഗത്തിന്റെ ‘സുപ്രഭാതം’ പത്രങ്ങളുടെ മുന്‍പേജിലാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരസ്യം ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ സംഘ്പരിവാര്‍ കാലത്തെ തീവ്ര ഹിന്ദുത്വ നിലപാടുകളും ചിത്രവും ചേര്‍ത്തുള്ളതാണ് പരസ്യം.