Sun. Dec 22nd, 2024

 

റിയോ ഡി ജനീറോ: ലയണല്‍ മെസ്സിക്ക് നേരെ ആരാധകര്‍ കുപ്പിയെറിഞ്ഞ സംഭവത്തില്‍ മാപ്പ് ചോദിച്ച് പരാഗ്വേ താരം ഒമര്‍ അല്‍ഡേര്‍ട്ട്. നവംബര്‍ 15ന് നടന്ന മത്സരത്തിനിടെയാണ് മെസ്സിക്കെതിരെ പരാഗ്വേ ആരാധകര്‍ കുപ്പി എറിഞ്ഞത്.

”പ്രിയപ്പെട്ട മെസ്സി. നിങ്ങളെ കുപ്പികൊണ്ട് എറിഞ്ഞതില്‍ എന്റെ രാജ്യത്തിനായി ഞാന്‍ മാപ്പ് ചോദിക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പേര്‍ക്ക് നിങ്ങള്‍ ആരാധനാമൂര്‍ത്തിയാണ്. ഈ സംഭവത്തില്‍ ഞങ്ങള്‍ കുറ്റബോധം പേറുന്നു. ഞങ്ങള്‍ക്ക് നിങ്ങളോടുള്ളത് സ്‌നേഹവും ബഹുമാനവുമാണ്”, ഒമര്‍ അല്‍ഡേര്‍ട്ട് സമൂഹമാധ്യമമായ എക്‌സില്‍ പ്രതികരിച്ചു.

മത്സരത്തിന് മുന്നോടിയായി ആരാധകര്‍ മെസ്സി ജഴ്‌സിയണിയരുതെന്ന പരഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം വിവാദമുണ്ടാക്കിയിരുന്നു. പരഗ്വായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ വില്ലസ്ബാവോയാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്.

പരഗ്വായ് ടീമിന് ലഭിക്കേണ്ട ഹോ ഗ്രൗണ്ട് ആനുകൂല്യം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അസോസിയേഷന്റെ തീരുമാനം. ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ രണ്ടിനെതിരെ ഒരു ഗോളിന് പരാഗ്വേ തോല്‍പ്പിച്ചിരുന്നു.