Wed. Jan 22nd, 2025

 

മുംബൈ: അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോല്‍ ബിഷ്‌ണോയ് യുഎസില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. അന്‍മോല്‍ കാലിഫോര്‍ണിയയില്‍ വെച്ച് പിടിയിലായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ ഇന്ത്യക്ക് വിട്ടുനല്‍കിയേക്കുമെന്നാണ് വിവരം.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനല്‍ കേസുകളുമാണ് അന്‍മോലിനെതിരെയുള്ളത്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയും ഇതില്‍പ്പെടും. എന്‍സിപി നേതാവ് ബാബ സിദ്ധീഖിയുടെ കൊലപാതകത്തിന് പിന്നിലും അന്‍മോലിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ലോറന്‍സ് ബിഷ്‌ണോയിയുടെ അറസ്റ്റിന് പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അന്‍മോല്‍ കഴിഞ്ഞ വര്‍ഷമാണ് രാജ്യം വിട്ടത്. അന്‍മോലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്നും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.

വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലേക്കാണ് അന്‍മോല്‍ കടന്നത്. അവിടെനിന്ന് യുഎസിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. അന്‍മോലിനെ യുഎസില്‍നിന്ന് തിരികെയെത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്‍മോല്‍ പിടിയിലായെന്ന റിപ്പോര്‍ട്ട് വരുന്നത്.

ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയ ഷൂട്ടര്‍മാരുമായി അന്‍മോല്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്തവര്‍ക്കും നിര്‍ദേശം നല്‍കിയത് അന്‍മോലാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജൂലൈയില്‍ ഇയാള്‍ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.