Sat. Jan 18th, 2025

 

ചെന്നൈ: തമിഴക വെട്രിക്കഴകം അധ്യക്ഷനും നടനുമായ വിജയ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മപുരി ജില്ലയില്‍നിന്ന് മത്സരിക്കാനൊരുങ്ങുന്നു. ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്ന് ടിവികെ ധര്‍മപുരി ജില്ലാ സെക്രട്ടറി ശിവ പറഞ്ഞു.

ധര്‍മപുരിയില്‍ നടന്ന ജില്ലാ യോഗത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജില്ലയിലെ ഒരു മണ്ഡലത്തില്‍നിന്ന് വിജയ് മത്സരിക്കുമെന്നും എല്ലാവരും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്നും ശിവ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വണ്ണിയര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ജില്ലയാണ് ധര്‍മപുരി. വണ്ണിയര്‍ പാര്‍ട്ടിയായ പിഎംകെയുടെ കോട്ടയായി കരുതുന്ന ജില്ലകൂടിയാണ്. വിജയ് ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചന പുറത്ത് വന്നതോടെ ടിവികെയും പിഎംകെയും സഖ്യമുണ്ടാക്കുമെന്ന് വിലയിരുത്തലുമുണ്ട്.

അതേസമയം, ടിവികെയുമായി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളുമായി കൂട്ടുകക്ഷി ഭരണത്തിന് തയ്യാറാണെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണ സഖ്യത്തിലാകും പിഎംകെയെന്ന് കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ അന്‍പുമണി രാമദാസും പറഞ്ഞിട്ടുണ്ട്.

ജാതിമത വേര്‍തിരിവിനെതിരാണ് ടിവികെ എന്ന് പറയുന്ന വിജയ് ജാതി പാര്‍ട്ടിയായ പിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലുകളുമുണ്ട്. ദളിത് പാര്‍ട്ടിയായ വിസികെയുമായി അടുപ്പം പുലര്‍ത്താന്‍ ടിവികെ ശ്രമിക്കുന്നുണ്ട്.

വിസികെയുടെ പ്രഖ്യാപിത എതിരാളികളാണ് പിഎംകെ. അതിനാല്‍ രണ്ട് പാര്‍ട്ടികളുമായി ഒരേ സമയം സഖ്യത്തിന് ടിവികെ. ശ്രമിക്കാനുള്ള സാധ്യതയും കുറവാണ്. അതിനാല്‍, പിഎംകെയുമായി സഖ്യമില്ലാതെ തന്നെ ധര്‍മപുരിയില്‍നിന്ന് വിജയ് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.