Thu. Dec 19th, 2024

 

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ രണ്ടാളും സുരക്ഷിതരാണെന്നാണ് മോദി അദാനിയോട് പറയുന്നത്. ഗൗതം അദാനിയുടെ താല്‍പര്യങ്ങളാണ് മോദി സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രണ്ട് ബാനറുകളുമായിട്ടാണ് രാഹുല്‍ വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. ഇതിലൊന്ന് അവര്‍ ഒരുമിച്ച് നില്‍ക്കുന്നിടത്തോളം കാലം അവര്‍ സുരക്ഷിതരായിരിക്കുമെന്ന ബാനറാണ്. രണ്ടാമത്തേതില്‍ ധാരാവി ചേരിയുടെ പുനര്‍വികസന പദ്ധതിയുടെ മാപ്പാണ്.

ധാരാവിയുടെ മാപ്പും മോദിയുടെയും അദാനിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഉയര്‍ത്തിപ്പിടിച്ച രാഹുല്‍ ഗാന്ധി ധാരാവിയിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു പോയെന്നും മോദിയുടെ ‘സേഫില്‍’ അവര്‍ പെടുന്നില്ലെന്നും പറഞ്ഞു. ഒരുലക്ഷം കോടിയുടെ പദ്ധതിയാണ് അദാനിക്ക് വേണ്ടി മോദി ഒരുക്കുന്നതെന്നും ആ പദ്ധതി സാധാരണ ജനവിഭാഗത്തെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയിലെ മുഴുവന്‍ രാഷ്രടീയ സംവിധാനവും ധാരാവി ചേരി പുനര്‍ വികസന പദ്ധതി അദാനിക്ക് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. ധാരാവി പുനര്‍വികസന കരാര്‍ ഒരാള്‍ക്ക് മാത്രം നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. രാജ്യത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്നും’ രാഹുല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടാമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.