Sat. Jan 18th, 2025

 

വത്തിക്കാന്‍: ഗാസയിലെ വംശഹത്യയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. വിദഗ്ധര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മാര്‍പാപ്പയുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കി ഹെര്‍നാന്‍ റെയ്‌സ് അല്‍കെയ്ഡ് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ‘ഹോപ്പ് നെവര്‍ ഡിസപ്പോയിന്റ്സ്: പില്‍ഗ്രിംസ് ടു എ ബെറ്റര്‍ വേള്‍ഡ്’ എന്നാണ്. ഇറ്റലിയിലെ ലാ സ്റ്റാമ്പാ ദിനപത്രത്തിലൂടെയാണ് ഈ പുസ്തകത്തെ കുറിച്ചും അതിലെ ഉള്ളടക്കത്തെ കുറിച്ചും മാര്‍പാപ്പ പറഞ്ഞത്.

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ വംശഹത്യയെന്ന് പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘വിദഗ്ധര്‍ പറയുന്നത് പ്രകാരം, ഗാസയിലെ ആക്രമണങ്ങള്‍ക്ക് വംശഹത്യയുടെ സ്വഭാവമുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര നിയമങ്ങളുമായി വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കണം’ എന്നാണ് പോപ്പ് പറഞ്ഞത്.

നേരത്തെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതിയും ഗാസയിലെ ആക്രമണങ്ങള്‍ വംശഹത്യ സ്വഭാവുള്ളതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലേഷ്യ, സെനഗല്‍, ശ്രീലങ്ക എന്നിവരടങ്ങുന്ന സമിതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇതിനുപിന്നാലെയാണ് ആഗോള തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഗാസയിലെ അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഇതിനുമുമ്പും ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ മാര്‍പാപ്പ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ മരണങ്ങളും നാശവും എന്തിനുവേണ്ടിയെന്നും മാര്‍പാപ്പ ചോദിച്ചിരുന്നു.

ലെബനന് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തിലും മാര്‍പാപ്പ പ്രതികരിച്ചിരുന്നു. ഇസ്രായേലിന്റേത് സൈനിക അധിപത്യമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിരോധം എല്ലായ്പ്പോഴും നടന്ന ആക്രമണത്തിന് ആനുപാതികമായി മാത്രമായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.