Thu. Dec 19th, 2024

 

തിരുവനന്തപുരം: സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫുമായി ചേര്‍ന്ന് ഇടതുപക്ഷ വിരുദ്ധ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ കുറിച്ച് പിണറായി വിജയന്‍ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജമാഅത്തൈ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്. സാദിഖലി തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റാണ് എന്നര്‍ഥം. ആ പ്രസിഡന്റിനെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം.

എന്നാല്‍ ലീഗില്‍ പോലും വലിയ പ്രസക്തിയൊന്നും ഇല്ലാത്ത ആള്‍ക്കാര്‍ ഒരുപടികൂടി കടന്നു സംസാരിക്കുകയാണ്. എന്തും പറയാന്‍ യാതൊരു ഉളുപ്പും ഇല്ലാത്ത പ്രചരണ കോലാഹലമാണ് ഇവര്‍ ഉണ്ടാക്കുന്നത്.

മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ് പറഞ്ഞത്. ഞങ്ങള്‍ കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ് ഉന്നയിച്ചത്. അതിനെ ഉടനെ മതപരമായ വികാരം രൂപപ്പെടുത്താനുള്ള വര്‍ഗീയ അജണ്ടയായി ചിലര്‍ കൈകാര്യം ചെയ്തു. അപ്പോഴും മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശദീകരണമാണ് ലീഗ് നേതൃത്വം നല്‍കുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കല്‍ പാളയത്തിലാണ് ലീഗ്. മതവികാരം ആളിക്കത്തിക്കാന്‍ മുസ്ലീം ലീഗ് ജമാഅത്തൈ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ഒപ്പം ചേര്‍ന്ന് നടത്തുന്ന ഈ പ്രവര്‍ത്തനം തിരിച്ചറിയണം.

പച്ചയായ വര്‍ഗീയത മുഖമുദ്രയായി മാറുകയും തങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണെന്ന പരസ്യമായി നിലപാട് സ്വീകരിക്കുന്ന വിഭാഗമായി ജമാഅത്തെ ഇസ്ലാമി മാറി. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഒരു ഭാഗത്ത് ആര്‍എസ്എസിന്റെ കൗണ്ടര്‍ പാര്‍ടാണ് ജമാഅത്തെ ഇസ്ലാമി. അതുകൊണ്ടാണ് ഞങ്ങള്‍ ജമാഅത്തൈ ഇസ്ലമിയെ എതിര്‍ക്കുന്നത്. ഇനിയും എതിര്‍ക്കും. ഇത് പാര്‍ട്ടിയുടെ നിലപാടാണ്’, എംവി ഗോവിന്ദന്‍ പറഞ്ഞു.

തന്റെ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചതായി സന്ദീപ് വാര്യര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും തികഞ്ഞ വര്‍ഗീയ പ്രചാരവേല ആര്‍എസ്എസിനായി നടത്തിക്കൊണ്ടിരുന്ന ഒരാള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ബിഎല്‍ഒമാരുടെ പൂര്‍ണ പിന്തുണയോടെ യുഡിഎഫ് 2500 വ്യാജ വോട്ടുകള്‍ പാലക്കാട് ചേര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ആ വോട്ടുകള്‍ മുഴുവന്‍ നീക്കണമെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്നും എംവി ഗോവിന്ദന്‍ അവകാശപ്പെട്ടു.