Sat. Dec 14th, 2024

 

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി കൂട്ടരാജി. ജിരിബാമില്‍ ബിജെപിയിലെ എട്ടു ജില്ലാ നേതാക്കള്‍ രാജിവെച്ചു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ രാജിവെച്ചത്.

ജിരിബാം പാര്‍ട്ടി ജില്ല അധ്യക്ഷന്‍ കെ ജാദു സിങ്, ജനറല്‍ സെക്രട്ടറിമാരായ ഹേമന്ത സിങ്, ബ്രൊജേന്ദ്രോ സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മേഘാജിത് സിങ്, എല്‍ ചോബാ സിങ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാജിവെച്ചത്. ജിരിബാം ജില്ലയില്‍നിന്ന് കാണാതായ ആറ് മയ്‌തേയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിച്ചത്.

നേരത്തെ, കൊലപാതകത്തിന് ഇരകളായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മയ്‌തേയ് വിഭാഗക്കാര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിച്ചിരുന്നു. ശനിയാഴ്ച ബിജെപി സഖ്യ സര്‍ക്കാറിനുള്ള പിന്തുണ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പിന്‍വലിച്ചിരുന്നു. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എന്‍പിപി.

സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്മാറ്റം. അതേസമയം, മണിപ്പൂരില്‍ ആളപായത്തിനും ക്രമസമാധാനനില തകര്‍ച്ചക്കും ഇടയാക്കിയ മൂന്നു കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മണിപ്പൂര്‍ പൊലീസില്‍ നിന്ന് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തത്.

അതിനിടെ, സംസ്ഥാനത്ത് ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏര്‍പ്പെടുത്തിയ സായുധ സേന പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ജിരിബാം ഉള്‍പ്പെടെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14ന് കേന്ദ്ര സര്‍ക്കാര്‍ അഫ്‌സ്പ പ്രഖ്യാപിച്ചത്.