Thu. Dec 19th, 2024

 

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി (85) ഗുരുതര രോഗബാധിതനാണെന്നും അദ്ദേഹം കോമയിലാണെന്നും റിപ്പോര്‍ട്ടുകള്‍. പരമോന്നത നേതാവിന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പരമോന്നത നേതാവ് ഒരു ഇറാന്‍ നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം ഇറാന്‍ പുറത്തുവിട്ടു.

ഖൊമേനി കോമയിലാണെന്നും ഒരു രഹസ്യ യോഗത്തില്‍ തന്റെ പിന്‍ഗാമിയായി 55 വയസ്സുള്ള മകന്‍ മുജ്തബ ഖൊമേനിയെ അദ്ദേഹം നാമനിര്‍ദേശം ചെയ്തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖൊമേനി ഗുരുതരരോഗബാധിതനാണെന്ന് യുഎസ് മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോമയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

ലെബനാനിലെ ഇറാന്‍ അംബാസഡര്‍ മുജ്തബ അമാനിയുമായി അദ്ദേഹം സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഖൊമേനിയുടെ എക്‌സ് അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവ് ആയത്തുള്ള ഖൊമേനി, ലെബനനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡര്‍ മുജ്തബ അമാനിയെ തന്റെ ദൈനംദിന യോഗങ്ങളുടെ ഭാഗമായി കാണുകയും സംസാരിക്കുകയും ചെയ്തു’, പേര്‍ഷ്യന്‍ ഭാഷയിലുള്ള കുറിപ്പില്‍ പറയുന്നു.

നേരത്തെ ഖൊമേനിക്കുശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മുജ്തബ അടുത്ത പരമോന്നത നേതാവായേക്കും എന്ന് റിപ്പോര്‍ട്ടുകുണ്ടായിരുന്നു. മേയില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെയാണ് മുജ്തബയുടെ പേര് ഉയര്‍ന്നുകേള്‍ക്കാന്‍ തുങ്ങിയത്.