Sat. Jan 18th, 2025

 

വാഷിങ്ടണ്‍: പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും 27 കാരിയായ കരോലിന ലെവിറ്റ്.

ആദ്യ ട്രംപ് സര്‍ക്കാരില്‍ വൈറ്റ് ഹൗസ് പ്രസ് ഓഫീസില്‍ പ്രവര്‍ത്തിച്ച പരിചയമാണ് ലെവിറ്റിന് മുന്‍തൂക്കം നല്‍കിയത്.

‘എന്റെ ചരിത്രപരമായ കാംപയനില്‍ ദേശീയ പ്രസ് സെക്രട്ടറി എന്ന നിലയില്‍ കരോലിന്‍ ലെവിറ്റ് അസാധാരണമായ പ്രവര്‍ത്തനം കാഴ്ചവെച്ചു, കരോലിന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ് ലെവിറ്റ്. നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദേശങ്ങള്‍ അമേരിക്കന്‍ ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ അവര്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന്’ ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ ഒന്നാം ടേമില്‍ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി കരോലിന പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022ലെ തിരഞ്ഞെടുപ്പില്‍ ന്യൂ ഹാംസ്ഫിയറില്‍ നിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. യുഎസ് കോണ്‍ഗ്രസിലെ എലീസ സ്റ്റഫാങ്കിയുടെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂ ഹാംപ്ഷയര്‍ സ്വദേശിയായ ലെവിറ്റ് കമ്മ്യൂണിക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. പഠനകാലത്ത് തന്നെ ഫോക്‌സ് ന്യൂസില്‍ പരിശീലനം നേടിയിരുന്നു. 2019ല്‍ ബിരുദം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു അവര്‍ ആദ്യ ട്രംപ് സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചത്.

അതിനിടെ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് കണ്ടെത്തിയ ഫോക്‌സ് ന്യൂസിലെ അവതാരകന്‍ പീറ്റ് ഹെഗ്‌സെത്തിന്റെയും അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന മാറ്റ് ഗെയറ്റ്‌സിന്റേയും നിയമനത്തില്‍ അന്തിമ തീരുമാനമായില്ല. ഇരുവര്‍ക്കുമെതിരെ ലൈംഗികാരോപണങ്ങള്‍ നിലനില്‍ക്കുന്നത് ട്രംപിന് വെല്ലുവിളിയാണ്.

പീറ്റ് ഹെഗ്‌സെത്തിനെതിരെ 2017ലുണ്ടായ കേസിന്റെ വിശദാംശങ്ങളാണ് പുറത്തുവരുന്നത്. മാറ്റ് ഗെയറ്റ്‌സിനെതിരെ നീതിന്യായ വകുപ്പ് രണ്ട് വര്‍ഷം അന്വേഷണം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതുള്‍പ്പെടെയുള്ള കേസുകളാണിവ. ഇത്തരത്തില്‍ കേസുകള്‍ നേരിട്ടയാളെ തന്നെ അറ്റോര്‍ണി ജനറലാക്കുന്നതില്‍ റിപ്പബ്ലിക്കന്മാര്‍ക്കിടയില്‍ തന്നെ അതൃപ്തിയുണ്ട്.