Wed. Dec 18th, 2024

 

തിരുവനന്തപുരം: ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികള്‍. തിരുവനന്തപുരത്ത് നഗരസഭാ കവാടങ്ങള്‍ക്ക് മുകളില്‍ കയറിയാണ് പ്രതിഷേധം.

ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും നേരത്തേ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.

പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. പ്രതിഷേധിക്കുന്ന ശുചീകരണ തൊഴിലാളികളെ ജാതി അധിക്ഷേപം നടത്തിയെന്നും പരാതിയുണ്ട്. നഗരസഭാ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെതിരെയാണ് ആരോപണം. പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതി വഴി വാങ്ങിക്കോളാന്‍ പറഞ്ഞുവെന്നും തൊഴിലാളികള്‍ പറയുന്നു.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സമരം നഗരസഭയ്ക്ക് മുന്നില്‍ അരങ്ങേറുന്നത്. നേരത്തെ നഗരസഭയ്ക്ക് മുമ്പിലുള്ള മരത്തിന് മുകളില്‍ കയറിയാണ് തൊഴിലാളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

നഗരസഭാ കരാര്‍ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ തൊഴിലാളികളോ അല്ലാത്ത ഇവര്‍ കഴിഞ്ഞ 15 ലേറെ വര്‍ഷങ്ങളായി സ്വയം സന്നദ്ധ പ്രവര്‍ത്തകരായി ജൈവ മാലിന്യശേഖരണം നടത്തുന്നവരാണ്. ഇവരെ മാറ്റി നിര്‍ത്തി ഹരിതകര്‍മ സേനയേയും മറ്റ് ഏജന്‍സികളേയും ജൈവ മാലിന്യ ശുചീകരണ പ്രവൃത്തി ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.