Wed. Dec 18th, 2024

 

ലക്‌നൌ: ഉത്തര്‍ പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഭദോഹിയില്‍ ബിജെപി എംപി സംഘടിപ്പിച്ച വിരുന്നില്‍ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് എംപിയുടെ ഓഫീസ് മജ്വാന്‍ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘര്‍ഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൂട്ടത്തല്ലിനിടെ ചിലര്‍ റൊട്ടിയും മട്ടന്‍കറിയും കവറുകളിലാക്കി സ്ഥലംവിടുന്നതും കാണാമായിരുന്നു. ഭക്ഷണം വിളമ്പുന്നതിനിടെ എംപിയുടെ ഡ്രൈവറുടെ സഹോദരന്‍ മട്ടന്‍ കഷ്ണങ്ങള്‍ക്ക് പകരം ഒരാള്‍ക്ക് ഗ്രേവി മാത്രം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്‌നം ആരംഭിച്ചത്.

ആട്ടിറച്ചി കിട്ടാത്തതില്‍ കുപിതനായ യുവാവ് ആദ്യം അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറുടെ സഹോദരന്‍ യുവാവിനോട് മാന്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കുതര്‍ക്കവും പിന്നീടത് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ആളുകള്‍ പരസ്പരം ഏറ്റുമുട്ടി.

സമീപഗ്രാമങ്ങളില്‍നിന്നടക്കം 250ഓളം പേരാണ് വിരുന്നില്‍ പങ്കെടുത്തത്. പുറത്തുനിന്ന് മദ്യപിച്ചെത്തിയ ചിലരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.