Wed. Dec 18th, 2024

 

ക്വാലാലംപൂര്‍: ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കില്ലെന്നും ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ തുടരുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. പെറുവില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ മലേഷ്യ നടത്തുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. പിന്നീട് യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. നീതിക്ക് വേണ്ടി ഇസ്രായേലുമായുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന് യുഎന്നില്‍ അംഗത്വമുണ്ട്. പലരും അവരെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്രായേലിനെ ഔദ്യോഗിക രാജ്യമായി അംഗീകരിച്ചതിനെ തങ്ങള്‍ നിഷേധിക്കുകയാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഏഷ്യ-പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ യോഗത്തില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ചര്‍ച്ചയാക്കിയ ഏക രാജ്യം മലേഷ്യയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സ്വതന്ത്ര വ്യാപാരത്തെ കുറിച്ച് നമുക്ക് എങ്ങനെയാണ് സംസാരിക്കാനാവുക. ഫലസ്തീന്‍ ജനതക്ക് ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.