Wed. Dec 18th, 2024

 

ഹൈദരാബാദ്: നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരെ ട്രാഫിക് വോളന്റിയര്‍മാരായി നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി. ഹൈദരാബാദില്‍ വര്‍ധിച്ചുവരുന്ന ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

നിയമലംഘനങ്ങള്‍ തടയാന്‍ ട്രാഫിക് സിഗ്‌നലുകളില്‍ ഹോം ഗാര്‍ഡുകളെപ്പോലെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ റെഡ്ഢി പറഞ്ഞു.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് പരിശോധിക്കാനും ട്രാഫിക് മാനേജ്മെന്റിനും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ സഹായം ആവശ്യമാണെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിലൂടെ ഗതാഗത നിയമ ലംഘനം തടയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക ഡ്രസ് കോഡുകളും ഹോം ഗാര്‍ഡുകള്‍ക്ക് തുല്യമായ ശമ്പളവും ലഭ്യമാക്കണമെന്നും തീരുമാനം പരീക്ഷണാടിസ്ഥാനത്തില്‍ പെട്ടെന്ന് തന്നെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.