Sat. Jan 18th, 2025

 

കോഴിക്കോട്: റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് നിയമസഹായ സമിതി. 47 കോടി 87 ലക്ഷം (47,87,65,347 കോടി) രൂപയാണ് ആകെ സഹായമായി ലഭിച്ചത്.

അതില്‍ 36 കോടി 27 ലക്ഷം രൂപ (36,27,34,927) ചെലവ് വന്നതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികള്‍ പറഞ്ഞു. ആ തുക എന്തുചെയ്യണമെന്നതില്‍ റഹീം നാട്ടില്‍ വന്നാലുടന്‍ തീരുമാനമെടുക്കുമെന്നും നിയമ സഹായ സമിതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങള്‍ വഴി ചിലര്‍ തെറ്റായ വിവരങ്ങളും അപവാദ പ്രചാരണങ്ങളും തുടരുന്ന സഹചര്യത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് നവംബര്‍ 17നാണ് റിയാദിലെ കോടതി പരിഗണിക്കുന്നത്.

അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് തങ്ങള്‍ക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ അതില്‍നിന്ന് പിന്‍മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റിയല്‍ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തില്‍ ലോകം കൈകോര്‍ത്തത് കേരള ചരിത്രത്തില്‍ സുവര്‍ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

റഹീമിന്റെ മോചനത്തിന് വേണ്ടി കൈകോര്‍ത്ത ലോക മലയാളി സമൂഹത്തിനും ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും റിയാദിലുള്‍പ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗല്‍ അസ്സിസ്റ്റന്‍സ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

ദിയാധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിന്റെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ അബ്ദുറഹീം നാട്ടിലെത്തും.

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് കുടുംബം 15 മില്യന്‍ റിയാലായിരുന്നു ആവശ്യപ്പെട്ടത്. സൗദി കുടുംബത്തിന്റെ അഭിഭാഷകന്‍ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല്‍ മൂലം റഹീമിന് മോചനം നല്‍കാന്‍ സമ്മതിച്ചു.

ദിയ നല്‍കി മാപ്പ് നല്‍കാനുള്ള സൗദി കുടുംബത്തിന്റെ തീരുമാനം ഡിസംബറില്‍ ഇന്ത്യന്‍ എംബസി നാട്ടിലെ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങള്‍ റിയാദ് നിയമ സഹായ സമിതി ആരംഭിക്കുകയും ചെയ്തു. മലപ്പുറത്തെ സ്‌പെയിന്‍ കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ആവശ്യമായ തുക ലഭ്യമായതോടെ ഏപ്രില്‍ 12ന് അവസാനിപ്പിക്കുകയും ചെയ്തു.