Sat. Jan 18th, 2025

 

കോഴിക്കോട്: തീരദേശ മേഖലയായ മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു.

എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം. വഖഫ് ഭൂമിയെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തര്‍ക്കം പലര്‍ക്കും സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ കൂടിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തെ നിസ്സാരവത്കരിക്കുന്നു. മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ബോര്‍ഡും മാറിമാറിവന്ന സര്‍ക്കാരുകളുമാണ്. വിഷയത്തില്‍ ഫാറുഖ് കോളേജിന്റെ ദുരൂഹമൗനം അത്ഭുതപ്പെടുത്തുന്നതാണ്.

ചില രാഷ്ട്രീയ നേതാക്കള്‍ എന്ത് അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നു. മുനമ്പത്തെ കുടികിടപ്പുകാര്‍ നിരപരാധികളാണ്. അവര്‍ക്ക് നീത് ലഭിക്കണം. എന്നാല്‍ റിസോര്‍ട്ട് ഉടമകളും വമ്പന്‍ മാഫിയകളുമൊക്കെയാണ് ഭൂമി പിടിച്ചെടുക്കാന്‍ രംഗത്തുള്ളത്.

താത്പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍, അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും 1950ലാണ് അത് വഖഫായതെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യാഴാഴ്ച പറഞ്ഞിരുന്നു. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളത്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല. അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് വിറ്റവരില്‍നിന്ന് വില തിരികെവാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

അവിടെ ആളുകളെ ഇളക്കിവിടുന്നത് അറുപതോളം റിസോര്‍ട്ടുകാരാണ്. നിരപരാധികളായ കുടിയേറ്റക്കാരെ രക്ഷിക്കണം. അങ്ങനെയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. തന്റെ വാക്കുകള്‍ ചില ചാനലുകള്‍ നിരന്തരം വളച്ചൊടിക്കുകയാണെന്നും താന്‍ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമര്‍ ഫൈസി പറഞ്ഞിരുന്നു