Wed. Dec 18th, 2024

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു. നഗരത്തില്‍ പുകമഞ്ഞ് വ്യാപകമായതിനെ തുടര്‍ന്ന് ഗതാഗതത്തിനും വിമാന സര്‍വീസുകള്‍ക്കും തടസം നേരിടുന്നുണ്ട്.

ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ രൂപപ്പെട്ട പുകമഞ്ഞ് അന്തരീക്ഷ താപനില കുറക്കുക കൂടി ചെയ്തതോടെ വായു ഗുണനിലവാരം വീണ്ടും കുറയുകയായിരുന്നു.

മലിനീകരണത്തോത് കുറക്കാനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ എന്ന കര്‍മപദ്ധതി മൂന്നാം ഘട്ടത്തിലേക്ക് ഉയര്‍ത്തി. ഇതോടെ പ്രൈമറി സ്‌കൂളുകള്‍ അടക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ലഭ്യമാക്കും. വായുഗുണനിലവാരം മെച്ചപ്പെടുമ്പോള്‍ മാത്രമേ തിരികെ സ്‌കൂളുകള്‍ തുറക്കുകയുള്ളൂ.

ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കുകയുള്ളൂ. ബിഎസ് 4ന് താഴെയുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. മലിനീകരണത്തിന് സാധ്യതയുള്ള നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കാന്‍ നിര്‍ദേശമുണ്ട്.

ഡല്‍ഹിക്ക് പുറമെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. വാഹനങ്ങളില്‍നിന്നുള്ള പുക, കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക എന്നിവക്ക് പുറമെ കാറ്റിന്റെ വേഗത കുറഞ്ഞതും ഡല്‍ഹിയിലെ മലിനീകരണം രൂക്ഷമാകാന്‍ കാരണമായെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.