Wed. Dec 18th, 2024

 

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ബലാത്സംഗമായി കണക്കാക്കാമെന്നും ഇത്തരം അവസരങ്ങളില്‍ നിയമപരിരക്ഷ നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ 10 വര്‍ഷത്തെ കഠിന തടവിന് വിധിച്ച കീഴ്‌കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.

ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്‌തെന്നാണ് കേസ്. വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി കടന്നുപോയ മോശം അനുഭവങ്ങള്‍ ഇല്ലാതാകുന്നില്ലെന്നും സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പ്രതി അവകാശപ്പെടുന്നത് വാദത്തിന് വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ വാര്‍ധ സ്വദേശിനിയാണ് പരാതിക്കാരി. പിതാവും സഹോദരിമാരും മുത്തശ്ശിയും അടങ്ങുന്നതാണ് കുടുംബം. അയല്‍ക്കാരനാണ് കേസില്‍ പ്രതിയായത്. 2019ലാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിന് നാല് വര്‍ഷം മുമ്പുതന്നെ പരാതിക്കാരനുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു.

പിന്നീട് വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായി. ഗര്‍ഭഛിദ്രം നടത്തണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പിതൃത്വം നിഷേധിച്ചും പീഡനം തുടര്‍ന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും വിചാരണക്കൊടുവില്‍ പത്ത് വര്‍ഷത്തെ ശിക്ഷ വിധിക്കുകയും ചെയ്തു. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് പ്രതി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു.