Fri. Nov 15th, 2024

 

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് കത്തുനല്‍കി.

കേരളത്തിന്റെ കൈയില്‍ ആവശ്യത്തിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉണ്ടെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന്, വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. കെവി തോമസ് ആയിരുന്നു ഈ കത്ത് കൈമാറിയത്.

ഈ കത്തിനുള്ള മറുപടിയിലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ദുരന്തമുണ്ടാകുന്ന സമയത്ത് ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കേണ്ടത് ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുള്ള ഫണ്ടില്‍നിന്നാണെന്നാണ് കത്തില്‍ പറയുന്നത്.

‘2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഇതിനോടകം കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുണ്ട്. രണ്ടു തവണയായി 388 കോടി രൂപ നല്‍കി. ഇതില്‍ 291 കോടി രൂപ നേരത്തേ തന്നെ നല്‍കി. ജൂലായ് 31ന് 145 കോടി രൂപയും ഒക്ടോബര്‍ ഒന്നിന് ബാക്കി തുകയും മുന്‍കൂറായി തന്നെ കൈമാറി’, കത്തില്‍ പറയുന്നു.

കേരളത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ സംസ്ഥാനത്തിന്റെ കൈയില്‍ ദുരന്തനിവാരണ ഫണ്ടിന്റെ നീക്കിയിരിപ്പായി 394.99 കോടി രൂപ ഉണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ആവശ്യത്തിന് ഫണ്ട് കേരളത്തിന്റെ പക്കല്‍ ഉണ്ട് എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.