Sat. Jan 18th, 2025

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്കുള്ള നിക്ഷേപം പ്രധാനമന്ത്രിയുടെ ഓഫീസ് വഴി ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു എന്നും അദ്ദേഹം ആരോപിച്ചു.

‘മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്നാല്‍, ഗുജറാത്തിന്റെ പ്രധാനമന്ത്രിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. 2004 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് മോദി ഗുജറാത്ത് മോഡലിനെ പരസ്യപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്നു. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്‍കി.

പ്രതിപക്ഷം ഭരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനങ്ങളുടെ വികസനം അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തി. അത് അനുമതിയുടെ രൂപത്തിലായാലും ബജറ്റിന്റെ കാര്യത്തിലായാലും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ അന്ന് നല്‍കിയിരുന്നു. അതിനാലാണ് ഒരു ഗുജറാത്ത് മോഡലുണ്ടായത്.

ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ സമ്പദ്വ്യവസ്ഥയാക്കുന്നതിനെക്കുറിച്ചാണ് മോദി സംസാരിക്കുന്നത്. എന്നാല്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒപ്പം നിര്‍ത്താതെ എങ്ങിനെയാണ് അദ്ദേഹത്തിന് ഇത് സാധ്യമാകുക. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്ലാതെ എങ്ങിനെ രാജ്യം അഞ്ച് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയിലെത്തും.

സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്ന് 17 പ്രധാന നിക്ഷേപങ്ങള്‍ ഗുജറാത്തിലേക്ക് മാറ്റി. ഈ ഗുജറാത്ത് മോഡല്‍ രാജ്യത്തിന് അപകടകരമാണ്’, രേവന്ത് റെഡ്ഡി ആരോപിച്ചു.