Wed. Jan 22nd, 2025

 

കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ ടിക്കറ്റ് ലഭിക്കാതെ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്.

ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന കായിക താരങ്ങളുടെ യാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചക്ക് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചില്ലെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താരങ്ങള്‍ ഇപ്പോഴും റെയില്‍വേ സ്റ്റേഷനില്‍ തുടരുകയാണ്.