Sun. Dec 22nd, 2024

 

കോഴിക്കോട്: തുടര്‍ച്ചയായ അഞ്ചാംദിനവും സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 3,600 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 110 രൂപ കുറഞ്ഞ് 6,935 രൂപയിലുമെത്തി.

59,640 വരെ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബര്‍ ഒന്നിന് 59,080 രൂപയായിരുന്നു വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 609 രൂപ കുറഞ്ഞ് 73,873 നിലവാരത്തിലെത്തി.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,573 ഡോളര്‍ നിലവാരത്തിലാണ്. സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഈ നിലവാരത്തിലേയ്ക്ക് വിലയെത്തുന്നത്.

യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണത്തെ ബാധിച്ചത്.