അമരാവതി: പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വ്യപകമായി അടിച്ചമര്‍ത്തി ആന്ധ്രാ സര്‍ക്കാര്‍. തെലുങ്ക് ദേശം പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാരെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു എന്ന് ആരോപിച്ചാണ് നടപടി.
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുഭാവികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. നവംബര്‍ ആറ് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന പൊലീസ് 680 നോട്ടീസുകള്‍ പുറപ്പെടുവിക്കുകയും 147 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് 49 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, പൊതു ദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആഭ്യന്തര മന്ത്രി വി അനിത, ടിഡിപി എംഎല്‍എയും നടനുമായ എന്‍ ബാലകൃഷ്ണയുടെ ഭാര്യ വസുന്ധര, മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ ഭുവനേശ്വരി, ഉപമുഖ്യമന്ത്രിയും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണിന്റെ മകള്‍, ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ എസ് ശര്‍മിള, അമ്മ വൈ എസ് വിജയമ്മ എന്നിവരെയാണ് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരായ വര്‍ര രവീന്ദര്‍ റെഡ്ഡി, ഇന്തൂരി രവി കിരണ്‍, കല്ലം ഹരികൃഷ്ണ റെഡ്ഡി, പെഡ്ഡിറെഡ്ഡി സുധാ റാണി, മേക്ക വെങ്കട്ട് രാമി റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. പ്രതികളിലൊരാളായ രവീന്ദര്‍ റെഡ്ഡി വൈഎസ്ആര്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആളാണെന്ന് കുര്‍ണൂല്‍ റേഞ്ച് ഡിഐജി കോയ പ്രവീണ്‍ പറഞ്ഞു.
‘പ്രതിപക്ഷ നേതാക്കളുടെ തമാശകളും കാരിക്കേച്ചറുകളും പോസ്റ്റു ചെയ്യുന്നത് നല്ലതാണ്, എന്നാല്‍ അവരുടെ കുടുംബത്തിലെ സ്ത്രീകളെ ലക്ഷ്യമിട്ട് അശ്ലീലമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത് അതിരുകടക്കുന്നുണ്ട്’ എന്ന് ടിഡിപി നേതാവ് അനം വെങ്കട രമണ റെഡ്ഡി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പോസ്റ്റുകള്‍ അവഗണിച്ചിരുന്നു, എന്നാല്‍ കാലക്രമേണ അവര്‍ യുദ്ധം ചെയ്യുന്നവരായി മാറിയെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.