Sun. Dec 22nd, 2024

 

ന്യൂഡല്‍ഹി: 2019ന് ശേഷം ജമ്മു കശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കൗണ്‍സിലിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വിവരങ്ങള്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ 70 ശതമാനം കുറവ് വന്നുവെന്നാണ് ഗോവിന്ദ് മോഹന്‍ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത് 2019ലാണ്. ഇതിന് പിന്നാലെ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. ഇതിന് ശേഷം സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും ക്രമസമാധാനപാലനവും കേന്ദ്രത്തിന്റെ ഉത്തരവാദിത്തമായി മാറി.

2019ല്‍ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളില്‍ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴിത് 14ല്‍ താഴെയായി കുറയ്ക്കാന്‍ സാധിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ട് 73 ആക്രമണങ്ങളാണ് 2019ല്‍ സംസ്ഥാനത്ത് ഉണ്ടായത്. ഇപ്പോഴിത് 10ല്‍ താഴെയായി കുറഞ്ഞു. 286 കേസുകളാണ് 2019ല്‍ ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. 2024 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അത് 40 എണ്ണം മാത്രമാണ്.

2019ല്‍ 96 ആക്രമണങ്ങളാണ് സുരക്ഷാ സേനയ്ക്കെതിരെ മാത്രം ഉണ്ടായത്. 2020ല്‍ ഇത് 111 കേസുകളായി ഉയര്‍ന്നു. എന്നാല്‍ പിന്നീട് സുരക്ഷാസേനയ്ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞു. 2019നെ അപേക്ഷിച്ച് 2023ല്‍ വെറും 15 ആക്രമണങ്ങള്‍ മാത്രമാണ് ഉണ്ടായത്.

2019ല്‍ 77 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2023ലും 2024ലും ഇത് 11 ആയി കുറഞ്ഞു. മാത്രമല്ല ജമ്മുകശ്മീരിലേക്ക് ഉണ്ടാകുന്ന നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞു. 2019ല്‍ 141 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കണ്ടെത്തിയത്. 2024ല്‍ അത് വെറും മൂന്നായി കുറഞ്ഞു.

ഭീകരവാദികളെ വധിക്കുന്ന കാര്യത്തിലും കുറവ് വന്നിട്ടുണ്ട്. 2019ല്‍ ആകെ 149 ഭീകരവാദികളായാണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. 2024 ആയപ്പോഴേക്കും അത് 44 ആയി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറയുന്നുവെന്നാണ് എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു.