Sat. Nov 23rd, 2024

 

മുംബൈ: സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സന്ദേശം അയച്ചത് യൂട്യൂബറായ ഗാനരചയിതാവ്. സല്‍മാന്‍ ഖാന്റെ തന്നെ റിലീസിനൊരുങ്ങുന്ന ചിത്രമായ സിക്കന്ദറിലെ ‘മേന്‍ ഹൂന്‍ സിക്കന്ദര്‍’ എന്ന പാട്ടെഴുതിയ യൂട്യൂബറാണ് മുംബൈ പോലീസിന്റെ പിടിയിലായത്.

സല്‍മാനെ പ്രകീര്‍ത്തിച്ച് താന്‍ എഴുതിയ പാട്ട് ഹിറ്റാകാനും പണം ലഭിക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു ഭീഷണി സന്ദേശം അയച്ചതെന്നാണ് സൊഹൈല്‍ പാഷ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

നവംബര്‍ ഏഴിന് മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്സ്ആപ്പിലാണ് സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ പോലീസ് ഉടനടി അന്വേഷണം ആരംഭിച്ചു.

ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ലഖ്മി ഗൗതം, ഡെപ്യൂട്ടി കമ്മീഷണര്‍ ദത്ത നാലാവാഡെ എന്നിവരുടെ നേതൃത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ മിലിന്ദ് കാട്ടെ നടത്തിയ അന്വേഷണം എത്തിനിന്നത് കര്‍ണാടകയിലാണ്.

കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ മാന്‍വി ഗ്രാമത്തിലെത്തിയ അന്വേഷണ സംഘം സന്ദേശം അയക്കപ്പെട്ട വാട്സ്ആപ്പ് നമ്പറിന്റെ ഉടമയായ വെങ്കടേഷ് നാരായണനെ കസ്റ്റഡിയിലെടുത്തു. കര്‍ഷകനായ വെങ്കടേഷിനെ വിശദമായി ചോദ്യം ചെയ്തതോടെ പ്രതി മറ്റൊരാളെന്ന് പോലീസ് കണ്ടെത്തി.

പ്രതി വെങ്കടേഷിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് പോലീസിന് ഭീഷണി സന്ദേശം അയച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സൊഹൈല്‍ പാഷ പിടിയിലാവുന്നത്. അഞ്ചുലക്ഷം രൂപ തന്നാല്‍ സല്‍മാനെ വെറുതെ വിടാം, അല്ലാത്തപക്ഷം സല്‍മാനെയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് പാട്ടെഴുതിയ ആളെയും കൊന്നുകളയും എന്നായിരുന്നു സന്ദേശം.

സന്ദേശത്തിന് പിന്നില്‍ ബിഷ്ണോയ് സംഘമാണെന്ന് എല്ലാവരും കരുതിക്കോളും എന്നായിരുന്നു പാഷയുടെ വിശ്വാസം. പോലീസ് അറസ്റ്റ് ചെയ്ത് സെവ്രി കോടതിയില്‍ ഹാജരാക്കിയ പാഷയെ മജിസ്ട്രേറ്റ് സുഹാസ് ഭോസ്ലെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.