Sat. Dec 14th, 2024

 

ടെല്‍ അവീവ്: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിയുന്നത് ബങ്കറിലെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗര്‍ഭ അറയിലാണ് നെതന്യാഹു ദൈനംദിന യോഗങ്ങള്‍ ഉള്‍പ്പെടെ ചേരുന്നതെന്ന് ഇസ്രായേല്‍ മാധ്യമമായ ‘ചാനല്‍ 12’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രോണ്‍ ആക്രമണ ഭീഷണികള്‍ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുകള്‍ നിലയിലുള്ള മുറിയിലാണ് സാധാരണ യോഗങ്ങള്‍ ചേരാറുള്ളത്. ഇതാണിപ്പോള്‍ ഭൂഗര്‍ഭ മുറിയിലേക്ക് മാറ്റിയിരിക്കുന്നതെന്ന് ‘ജറൂസലം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ സമയം ഒരേ സ്ഥലത്ത് കഴിയരുതെന്നാണ് നെതന്യാഹുവിനോട് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലായി മാറിമാറിക്കഴിയാനും നിര്‍ദേശമുണ്ട്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മകന്‍ അവ്നെറിന്റെ വിവാഹവും നീട്ടിവയ്ക്കാന്‍ ആലോചിക്കുന്നുണ്ട്.

ഇതേകാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള ദിവസം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകസംഘം ജറൂസലം ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. യുദ്ധത്തിന്റെ തിരക്കില്‍ നിയമവിഷയത്തില്‍ തയ്യാറാകാനുള്ള സമയം കിട്ടിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഒക്ടോബര്‍ 25ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയും ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നില്‍കണ്ടായിരുന്നു നീക്കം. ആക്രമണസമയത്തെല്ലാം ഭൂഗര്‍ഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ആദ്യത്തില്‍ ഇസ്രായേല്‍ തീരനഗരമായ സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷവും ഇസ്രായേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങള്‍ തുടരുകയാണ്. ടെല്‍ അവീവിലെ സൈനിക താവളങ്ങളും പ്രധാന വിമാനത്താവളം ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍ ആക്രമണവും നടന്നിരുന്നു. ഏതുസമയവും ഇറാന്റെ പ്രത്യാക്രമണവും ഇസ്രായേല്‍ പ്രതീക്ഷിക്കുന്നുണ്ട്.

അടുത്തിടെ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വടക്കന്‍ ഇസ്രായേലിലെ മെറ്റൂലയില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് ഡ്രോണ്‍ ആക്രമണം നടക്കുകയായിരുന്നു. ഹിസ്ബുള്ള ആക്രമണം ശക്തമായ മേഖലയിലാണ് സംഭവം. ഇതേതുടര്‍ന്ന് അദ്ദേഹം യാത്ര റദ്ദാക്കി മടങ്ങുകയും ചെയ്തു.