Fri. Jan 24th, 2025

 

പാലക്കാട്: പത്മജ കോണ്‍ഗ്രസ് വിട്ടുപോയില്ലായിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അമ്മയെ അധിക്ഷേപിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി കെ മുരളീധരന്‍ വോട്ടുപിടിക്കുകയാണെന്ന് പത്മജ വേണുഗോപാല്‍ ആക്ഷേപിച്ചിരുന്നു. അതിനു മറുപടിയായാണ് മുരളീധരന്‍ പ്രതികരിച്ചത്.

‘പാര്‍ട്ടിയില്‍ നിന്ന് പോകുന്നതിന് മുമ്പ് തൃശ്ശൂരില്‍ പേര് കേള്‍ക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ ഞാനതിന് മറുപടി പറഞ്ഞത് ഞാനിപ്പോള്‍ വടകര എംപിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യമില്ലെന്നാണ്.

അവര്‍ പോയപ്പോഴാണോല്ലോ മാറേണ്ടി വന്നത്. അവര്‍ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ വടകരയില്‍ തന്നെ നിന്നേനെ, എംപിയായേനെ. അവര്‍ക്കും പാര്‍ട്ടിയില്‍ ഒരു അഡ്രസ് ഉണ്ടായേനെ. ഇപ്പോള്‍ എന്തായി പോയിട്ട് വല്ല മെച്ചമുണ്ടായോ? മുരളീധരന്‍ പറഞ്ഞു.

എകെ ബാലന്റെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ‘അഖിലേന്ത്യാ തലത്തില്‍ ഒന്നിച്ചാണല്ലോ അതായിരിക്കും ഉദ്ദേശിച്ചത്. ഡല്‍ഹിയിലെ കളി വേറെയാണ്. അവിടെ ഇരട്ടക്കൊമ്പനെ നേരിടാന്‍ എല്ലാവരും വേണ്ടെ. ആ നയം തന്നെയാണ് എനിക്കുമുള്ളത്. അതു തന്നെയാണ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നയം. കേരളത്തിന് പുറത്തുള്ള നിലപാട് വേറെയാണ്. ബിജെപി എല്ലായിടത്തും പൊതുശത്രുവാണ്.

പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് കണ്ടുപിടിക്കേണ്ടതാരാ. റെയ്ഡിന് മുമ്പ് സ്‌ക്വാഡിനെ അറിയിക്കാഞ്ഞതെന്താ. സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോള്‍ പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ തര്‍ക്കം സ്വഭാവികമാണ്. സ്ഥാനാര്‍ഥി ഫീല്‍ഡിലിറങ്ങിയാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല.

എല്ലാവരും മിടുക്കന്മാരണല്ലോ. മിടുക്കില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നിക്കുമോ. സരിനും മിടുക്കനായ സ്ഥാനാര്‍ഥിയാണ്. സരിന്‍ കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും നിര്‍ത്തിയേനെ. അപ്പോഴേക്കും അദ്ദേഹത്തിന് ചില പിഴവ് സംഭവിച്ചു. കൈവിട്ടുപോയതിനെ കുറിച്ച് ഇനി പറയേണ്ട കാര്യമില്ല.’, മുരളീധരന്‍ പറഞ്ഞു.