Wed. Jan 22nd, 2025

 

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയുടെ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായതായി റിപ്പോര്‍ട്ട്. 25 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ കോളില്‍ മസ്‌കും ഉണ്ടായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന് വലിയ ചുമതലകള്‍ ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സംഭവം. അമേരിക്കന്‍ പ്രസിഡന്റായി തിരിച്ചെത്തിയ ട്രംപിനെ സെലന്‍സ്‌കി അഭിനന്ദിച്ചു. യുക്രൈന് പിന്തുണ അറിയിച്ച ട്രംപ് പക്ഷേ, അത് ഏത് തരത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയില്ല. ട്രംപിന് ശേഷം സംസാരിച്ച മസ്‌ക്, യുക്രൈന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍ര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത് തുടരുമെന്ന് സെലന്‍സ്‌കിയെ അറിയിച്ചു.

സഹകരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചതായി സംഭാഷണം സംബന്ധിച്ച് സെലന്‍സ്‌കി ഔദ്യോഗികമായി അറിയിച്ചിരുന്നു. ലോകത്തിനും നീതിയുക്തമായ സമാധാനം നിലനില്‍ക്കുന്നതിനും ശക്തവും അചഞ്ചലവുമായ അമേരിക്കന്‍ നേതൃത്വം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തില്‍ സ്ഥായിയായ നിലപാടല്ല മസ്‌ക് സ്വീകരിച്ചുവരുന്നത്. 2022 മുതല്‍ മസ്‌ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായി ബന്ധപ്പെട്ടുവരുന്നുണ്ടെന്ന് അടുത്തിടെ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.