Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികള്‍. ഹിന്ദുത്വ നൈറ്റ് എന്ന അക്കൗണ്ടിലൂടെയാണ് അവരുടെ ഫോണ്‍ നമ്പര്‍ പങ്കുവെക്കപ്പെട്ടത്. തുടര്‍ന്ന് റാണ അയ്യൂബിനെതിരെ വധഭീഷണി ഉള്‍പ്പടെ വന്നിട്ടുണ്ട്.

മുംബൈ പൊലീസിനെ ടാഗ് ചെയ്ത് റാണ അയ്യൂബ് തന്നെയാണ് തന്റെ ഫോണ്‍ നമ്പര്‍ പങ്കുവെക്കപ്പെട്ട വിവരം എക്‌സിലൂടെ അറിയിച്ചത്. ഫോണ്‍ നമ്പര്‍ പുറത്തായതിന് പിന്നാലെ തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയും ലഭിച്ചുവെന്ന് അവര്‍ പറഞ്ഞു.

‘കഴിഞ്ഞ ദിവസം തനിക്ക് ഒരു ദുസ്വപ്നം പോലെയാണ് കടന്നു പോയത്. രാത്രി ഒരു മണിയോടെ ഹിന്ദുത്വ ശക്തികള്‍ തന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ചു. അതിന് ശേഷം തന്റെ ഫോണ്‍ നിര്‍ത്താതെ അടിക്കുകയായിരുന്നു. വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചുവെന്നും’ റാണ അയ്യൂബ് പറഞ്ഞു.

റാണ അയ്യൂബിന്റെ വാട്‌സ്ആപ്പ് നമ്പര്‍ പങ്കുവെച്ച എക്‌സിലെ ഗ്രൂപ്പ് ഇതിന് മുമ്പും വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം നല്‍കുന്ന സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ വന്നിരുന്നു. ബിഹാറില്‍ നിന്നുള്ളയാളാണ് ഗ്രൂപ്പിന് പിന്നിലുള്ളതെന്നാണ് സംശയം.

അതേസമയം, ഭീഷണികള്‍ വന്ന സംഭവത്തില്‍ താന്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ശക്തമായ നടപടിയെടുക്കുന്നതില്‍ മുംബൈ പൊലീസ് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും റാണ അയ്യൂബ് ആരോപിച്ചു. റാണ അയ്യൂബിന് നേരിട്ട ദുരനുഭവത്തില്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.