Sat. Nov 23rd, 2024

 

ചെന്നൈ: സഖ്യത്തിന് തയ്യാറായാല്‍ അധികാരത്തിലെത്തുമ്പോള്‍ ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വാഗ്ദാനംതള്ളി സിപിഎം. അധികാരത്തിലെത്തിയാല്‍ എന്തെല്ലാം ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കില്‍ അംഗീകരിക്കാന്‍ സാധിക്കുമായിരുന്നുവെന്നും എന്നാല്‍, ഇത്തരത്തിലുള്ള വാഗ്ദാനം തെറ്റായ നടപടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു.

മറ്റ് പാര്‍ട്ടികള്‍ അധികാരക്കൊതിയുള്ളവരാണെന്ന് വിജയ് കരുതാന്‍ പാടില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഡിഎംകെയുമായി സഖ്യത്തിലാണെങ്കിലും സംസ്ഥാനത്ത് ജനകീയ പ്രശ്നങ്ങളില്‍ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു പാര്‍ട്ടികള്‍, വിസികെ തുടങ്ങിയ പാര്‍ട്ടികള്‍ വിജയ്യുമായി സഖ്യത്തിന് തയ്യാറായേക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, വിജയ്യുടെ വാഗ്ദാനത്തെ വിസികെ ആദ്യം തന്നെ തള്ളിയിരുന്നു.

അതേസമയം, വിജയ് രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ റാവു മാധ്യമങ്ങളോട് പറഞ്ഞു. കമല്‍ഹാസനെപ്പോലെ വിജയ്ക്കും രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാം. എന്നാല്‍, ഇതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്ന് സത്യനാരായണ റാവു പറഞ്ഞു.

വിജയ്‌യുടെ നേതൃത്വത്തില്‍ നടത്തിയ ടിവികെ സംസ്ഥാന സമ്മേളനം വലിയ വിജയമായിരുന്നുവെന്നാണ് കുറച്ചു ദിവസം മുന്‍പ് രജനീകാന്ത് പ്രതികരിച്ചത്. രാഷ്ട്രീയത്തിലിറങ്ങാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഏറെ താത്പര്യത്തോടെയാണ് വിജയ് പാര്‍ട്ടി ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെന്നും സത്യനാരായണ റാവു പറഞ്ഞു.