Thu. Nov 14th, 2024

 

ലഖ്നൗ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍. ഒക്ടോബര്‍ 28ന് നടന്ന ഉത്തര്‍പ്രദേശ് വനിത കമ്മീഷന്റെ യോഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനായി നല്‍കിയ നിര്‍ദേശങ്ങളാണിവ.

പൊതു ഇടങ്ങളില്‍ സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും വനിതാ വസ്ത്രശാലകളില്‍ വനിത ജീവനക്കാരെ നിയമിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ഇതിനെ പിന്തുണച്ചതായും അവര്‍ പറഞ്ഞു. ഇത് ഇപ്പോള്‍ ഒരു നിര്‍ദേശം മാത്രമാണെന്നും ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.

‘സലൂണുകളില്‍, സ്ത്രീ കസ്റ്റമര്‍മാരെ ശ്രദ്ധിക്കേണ്ടത് വനിതകളായിരിക്കണം. പുരുഷന്മാര്‍ ഇത്തരത്തിലുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിനാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം. ചര്‍ച്ചകള്‍ പ്രാഥമികമാണ്. ഈ നിര്‍ദേശങ്ങളുടെ സാധ്യതകള്‍ ഇനിയും തീരുമാനിച്ചിട്ടില്ല. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍, ഈ നിര്‍ദേശങ്ങള്‍ ഗ്രൗണ്ട് ലെവല്‍ നടപ്പാക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും’, അഗര്‍വാള്‍ പറഞ്ഞു.