ഗാസ/ബെയ്‌റൂത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100 പേരെ ഇസ്രായേല്‍ അധിനിവേശസേന ബോംബിട്ട് കൊലപ്പെടുത്തി. ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ഗാസയില്‍ മാത്രം 42 പേരെങ്കിലും കൊല്ലപ്പെട്ടു. അതേസമയം, ലബനാനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ സേന 52 പൗരന്മാരെ കൊലപ്പെടുത്തിയതായി ലബനാന്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 161 പേര്‍ക്ക് പരിക്കേറ്റു.
ലബനാനിലെ സിഡോണ്‍ നഗരത്തില്‍ വാഹനത്തിന് നേരെ ബോംബിട്ട് മൂന്ന് പേരെ ഇസ്രായേല്‍ അധിനിവേശ സേന കൊലപ്പെടുത്തി. ഈ വാഹനത്തിന് സമീപമുണ്ടായിരുന്ന ഐക്യരാഷ്ട്രസഭയുടെ യുനിഫില്‍ സേനാംഗങ്ങളായ ആറ് മലേഷ്യന്‍ പൗരന്മാര്‍ക്കും പരിക്കേറ്റു.
ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന വംശഹത്യയില്‍ ഇതിനകം കുറഞ്ഞത് 43,469 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 102,561 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ലബനാനില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 3,102 പേര്‍ കൊല്ലപ്പെടുകയും 13,819 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.