കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പിപി ദിവ്യക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിവാക്കിയ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് തരം താഴ്ത്തി
പാര്‍ട്ടി നടപടി ദിവ്യയെ സിപിഎം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ വനിത ജയിലില്‍ എത്തിയാണ് പാര്‍ട്ടി നടപടി അറിയിച്ചത്.
അതേസമയം, എഡിഎമ്മിന്റെ ആത്മഹത്യാക്കേസില്‍ ദിവ്യക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പതിനൊന്ന് ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിവ്യ ഇന്ന് പുറത്തിറങ്ങും.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാക്കണം, കണ്ണൂര്‍ ജില്ല വിട്ടു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
വിധിപകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങും. വിധിയില്‍ സന്തോഷമെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സത്യങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും ദിവ്യയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.