Wed. Jan 22nd, 2025

 

ആലപ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. നേരിട്ട പോലീസിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ സന്ദീപ് എന്നിവരാണ് പ്രതികള്‍. നേരത്തെ, തെളിവില്ലെന്ന് പറഞ്ഞ് ജില്ലാ ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസും കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എഡി തോമസും നല്‍കിയ തടസ്സഹര്‍ജി പരിഗണിച്ചാണ് ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.

ഗണ്‍മാനും സുരക്ഷാ ജീവനക്കാരനും ലാത്തികൊണ്ട് ക്രൂരമായി അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ കോടതിക്ക് നല്‍കിയിരുന്നു. മര്‍ദ്ദനദൃശ്യങ്ങള്‍ ഹാജാരാക്കിയിട്ടും വാങ്ങാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ലെന്നും പരാതിക്കാരുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.

ഗണ്‍മാനും സുരക്ഷാ ജീവനക്കാരനും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നും ജോലിയുടെ ഭാഗമായുള്ള നടപടിയായി മാത്രമേ അവരുടെ പ്രവര്‍ത്തനത്തെ കാണാനാകൂവെന്നും ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാന്‍ റഫറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 15 ന് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.